വടക്കാഞ്ചേരി: ചില്ലിചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരു കുറവാണെന്ന് ആരോപിച്ച് റസ്റ്റോറന്റിൽ അതിക്രമം നടത്തുകയും ഉടമയെയും സുഹൃത്തിനെയും മർദി ക്കുകയുംചെയ്ത സംഭവത്തിൽ അഞ്ചുപേരെ വടക്കാഞ്ചേരി എസ്എച്ച്ഒ വി.എസ്. മുരളീധരൻ അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി ചെന്പയിൽ വീട്ടിൽ ഷെഫീക്ക്(33), കരിയന്നൂർ സ്വദേശികളായ അലി അക്ബർ (35), കള്ളിവളപ്പിൽ വീട്ടിൽ ഷിബിൽ(22), ചെന്പ്രയൂർ വീട്ടിൽ ഇജാബ്(23), കേളുന്പ്വലാത്ത് വീട്ടിൽ ഷൗക്കത്ത്(35) എന്നിവരാണ് അറസ്റ്റിലായത്.
അത്താണി മിണാലൂരിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്റോറന്റിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. രണ്ടു കാറുകളിലായാണു സംഘമെത്തിയത്. ഹോട്ടൽ ഉടമ തെക്കുംകര കരുമത്ര സ്വദേശി വെളുത്താട്ടിൽ വീട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈബിന് ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് അടിയേറ്റത്.
സുഹൃത്ത് കരുമത്ര സ്വദേശി കൊക്കർണിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ റഷീദിനും ഏതാനും ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ് തു.
ജീവനും സ്വത്തിനും സംരക്ഷണം നൽകണം: കെഎച്ച്ആർഎ
വടക്കാഞ്ചേരി: ഹോട്ടലുടമകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധർ അക്രമം നടത്തിയ റസ്റ്റോറന്റിൽ സന്ദർശനം നടത്തിയ ഭാരവാഹികൾ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. പ്രതികൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് ഭരണസിരാകേന്ദ്രങ്ങളിലേക്കു മാർച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അന്പാടി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടലാത്ത്, വി.ആർ. സുകുമാർ, അനീഷ് വി. മോഹൻ, ഷെറീഫ് പി. യൂസഫ്, കെ.ആർ. നികിത എന്നിവർ അറിയിച്ചു.